നന്ദി, മെസ്സി
എന്റെ കാലത്ത് ഫുട്ബോൾ എന്ന വാക്കിന് ഒരു മുഖമുണ്ടായിരുന്നെങ്കിൽ, അത് മറഡോണയുടേതായിരുന്നു… അവന്റെ കളി കണ്ട് ഫുട്ബോളിനെ ഇഷ്ടപ്പെട്ടൊരു കാലം. പിന്നെ എത്രയോ തവണ ലോകകപ്പ് എന്ന സ്വപ്നം കണ്ണിന് മുന്നിലെത്തിയിട്ടും, കൈയെത്തും ദൂരത്ത് വെച്ച് നഷ്ടപ്പെട്ടുപോയി… പക്ഷേ, ഒരു ദിവസം നീ വന്നു— മെസ്സി… ഞങ്ങൾക്കായി ഞങ്ങൾ ഒരുപാട് കാലം കാത്തിരുന്ന ആ കപ്പ് നീ കൈകളിൽ ഉയർത്തി. അത് ഒരു ലോകകപ്പ് മാത്രമായിരുന്നില്ല… ഞങ്ങളുടെ ഒരു പഴയ സ്വപ്നത്തിന്റെ പൂർത്തീകരണമായിരുന്നു. സുഹൃത്തുക്കളോടൊപ്പം രാത്രികൾ പകലാക്കി, ഓരോ മത്സരവും ഒരുമിച്ചിരുന്ന് കണ്ട കാലം… ഒരു ഗോൾ വന്നാൽ ഒരേ മനസ്സോടെ സന്തോഷിച്ചും, ഒരു തോൽവി വന്നാൽ ഒരേ വേദനയിൽ മിണ്ടാതിരുന്നും… നിന്നെ ചൊല്ലി എത്ര വാദങ്ങൾ, എത്ര തർക്കങ്ങൾ… “മെസ്സിയാണ് മികച്ചത്” എന്ന് പറയാൻ ലോകത്തിന്റെ മുന്നിൽ പോലും വാദിച്ചിരുന്നൊരു കാലം. അന്ന് ഞങ്ങൾ ഫുട്ബോൾ മാത്രമായിരുന്നില്ല കണ്ടത്… ഞങ്ങളുടെ സൗഹൃദവും, ഞങ്ങളുടെ യൗവനവും, ഞങ്ങളുടെ ചിരികളും, ഞങ്ങളുടെ ചെറിയ ചെറിയ സ്വപ്നങ്ങളും ഒരുമിച്ചാണ് കണ്ടത്. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ആ സുഹൃത്തുക്കളിൽ പലരും പല വഴികളിലാണ്… ആ രാത്രികൾ ഇല്ല, ആ കൂട്ടായ്...