ഓർമ്മയിലെ ഓണം
നളിനി അമ്മയുടെ പഴയ തകരപ്പെട്ടി തുറന്ന് അടുക്കി വച്ചിരുന്ന വസ്ത്രങ്ങൾക്കടിയിൽ നിന്ന് എടുത്ത ഒരു പഴയ ഫോട്ടോ കണ്ടെത്തി.
ഓണത്തിന് എടുത്ത മക്കളുടെയും കൊച്ചുമക്കളുടെയും ഫോട്ടോ നോക്കി കുറച്ചു നേരം ഇരുന്നു.
മോനെ ഇത് കണ്ടോ?, പണ്ട് ഞാൻ ഒരുപാടു വെച്ച് വിളമ്പി എല്ലാവര്ക്കും കൊടുത്തിരുന്ന ഓണക്കാലത്തു എടുത്ത ഫോട്ടോ ആണിത് ,
കാലത്തിനു മാറ്റം വന്നപ്പോൾ ഈ ഫോട്ടോയ്ക്കും മാറ്റം വന്നിരിക്കുന്നു,
ഇതിന്റെ തെളിച്ചം ഒക്കെ പോയിരിക്കുന്നു ...
ഫോട്ടോയിൽ ഒന്ന് കണ്ണോടിച്ചാൽ തന്നെ ആ ദിവസത്തെ ആഘോഷവും സന്തോഷവും ആർക്കും മനസിലാകും.
ചിങ്ങ മാസത്തിനു മുമ്പ് തന്നെ തേങ്ങ ഇട്ടു, അത് മുറ്റത്തു വെയിലത്ത് ഇട്ടു ഉണക്കി , അരിഞ്ഞു പെറുക്കി കുട്ടയിൽ ആക്കി എല്ലാം കൂടെ എടുത്തു
അടുത്തുള്ള കുട്ടൻ പിള്ളയുടെ മില്ലിൽ കൊണ്ട് പോയി വെളിച്ചെണ്ണ ആട്ടി വെക്കും .
ആ മായം ഇല്ലാത്ത വെളിച്ചെണ്ണയിൽ കായ് വറൂത്തും , ഉപ്പേരി വറൂത്തും, എല്ലാം ശരിയാക്കി വലിയ പാത്രങ്ങളിൽ വെക്കും. മക്കൾ വരുന്നതും കാത്തു അവർക്കു ഉള്ള മുറികൾ എല്ലാം ഒരുക്കി കാത്തു ഞാൻ ഓരോ ദിവസവും
നിക്കി ....
അച്ചാറുകൾ എല്ലാം ഉണ്ടാക്കി പ്രത്യേകം പാത്രങ്ങളിലേക്കും മാറ്റി അടച്ചു വെക്കും , സഹായത്തിനു നാണിയും, പാറുവും ഒക്കെ കാണും .
"ഓ, മോൻ വിചാരിക്കും ഇവരൊക്കെ ആരാണ് എന്ന് "..
ഞങ്ങളുടെ തറവാടിന് അടുത്ത് താമസിക്കുന്ന പാവങ്ങൾ ആണ് . എനിക്ക് എല്ലാ സഹായവും അവർ ചെയ്തു തരും .
ഓണക്കാലമായാൽ പിന്നെ ഇവർ എന്റെ കൂടെ തന്നെയാ .രാത്രി ഉറക്കമൊന്നും കാണില്ല , ജോലി ചെയുന്ന കൂടെ ഇവർ ഒക്കെ ആയി സംസാരിച്ചു ഇരിക്കും , ഇടക്കൊന്നു നടു നിവർത്തി കിടന്നാലായി.
അച്ചാറുകളെല്ലാം എടുത്തു വെച്ച് , പച്ചക്കറികൾ അരിഞ്ഞു കഴിയുമ്പോഴാകും നേരം പുലർച്ചെ ആവും .
ഉത്രാടം നാൾ മക്കൾ ഓരോരുത്തരായി എത്താൻ തുടങ്ങും . ആൺ മക്കൾ
അവരുടെ കുടുംബങ്ങളും, വൈകുന്നേരത്തോടു കൂടി വീടാകെ ഉച്ചയും
ബഹളവും ഒക്കെ ആയി ഒരു ഉത്സവ ആന്തരിക്ഷം ആവും.
മകൾ മാത്രം തിരുവോണപിറ്റേന്നെ വരൂ .
നേരം പുലർന്നാൽ കുളിച്ചു ചോറും കറികളും വെച്ച് കഴിയുമ്പോഴേക്കും
മക്കളും കൊച്ചുമക്കളും ചേർന്ന് വലിയ ഒരു പൂക്കളം ഉമ്മറത്ത് ഇട്ടിട്ടുണ്ടാവും .
അന്ന് കടയിൽ നിന്നും വാങ്ങുന്ന പൂക്കളല്ല , വീടിന്റെ തൊടിയിലും ,
പറമ്പിലും നിറയെ പലതരം പൂക്കൾ ഉണ്ടാവും .
ഇന്ന് ഇതൊക്കെ എവിടെ കാണാൻ ആണ് .
തമിഴന്മാർ കൃഷി ചെയ്തില്ലെങ്കിൽ നമ്മുക്ക് ഓണപ്പൂക്കളം പോലും ഉണ്ടാവാത്ത
അവസ്ഥയായി . സദ്യ കഴിക്കാൻ ആയി ഇന്നത്തെ പോലെ ഊണ്
മുറിയൊന്നും ഇല്ല .
നീളത്തിൽ ഉള്ള വരാന്തയിൽ പായ വിരിച്ചു എല്ലാവരും ചമ്രം പടിഞ്ഞിരുന്നു
സദ്യ കഴിക്കും. സദ്യ കഴിഞ്ഞു എല്ലാവരും മുറ്റത്തേക്ക് ഇറങ്ങി , മുറ്റത്തെ
മാവിൻ കൊമ്പിൽ കെട്ടിയ ഊഞ്ഞാൽ ആടും . മരുമക്കളും ,കൊച്ചു മക്കളും
ഓരോ കളികൾ ആയി തിരക്കിലാവും ..
ഇതിനിടയിൽ അടുത്ത് ഉള്ള വായനശാലയിലെ കുട്ടികൾ പുലി കളികൾ
ഒക്കെ ആയി വീട്ടിൽ വരും , പുലി കളി കഴിഞ്ഞു അവർക്കു വയറു നിറയെ
ഉപ്പേരികൾ ഒക്കെ കൊടുത്തു വിടും .
പിന്നെ എല്ലാവരും കുറച്ചു നാണയങ്ങൾ ഒക്കെ കൊടുക്കും .
അതുമായി അവർ പോവുമ്പോൾ അവരുടെ മുഖത്ത് ഉണ്ടാവുന്ന സന്തോഷം ......
ആ ഒരു ഓർമ്മയും സന്തോഷവും ഒക്കെ ഇപ്പോഴും ഈ അമ്മക്ക് കൂട്ടുണ്ട് .
അത് മാത്രമാണ് ഇന്ന് തനിക്കു സ്വന്തം .
മോനെ പോലെ ഉള്ളവർ വരുമ്പോൾ ആണ് അമ്മക്ക് ഒരു .......
വാക്കുകൾ മുഴുവിപ്പിക്കാതെ ....
അപ്പോഴേക്കും നളിനി അമ്മയുടെ ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു .
ആ അമ്മയുടെ മകന്റെ കോൾ ആണ് എന്ന് സംസാരത്തിൽ നിന്നും
മനസ്സിലായി .
ഞാൻ അപ്പോഴേക്കും അടുത്ത ആളുടെ അടുത്തേക്ക് പോയിരുന്നു .
ആ വൃദ്ധസദനത്തിലെ ഓണസദ്യ അവരോടു ഒത്തു കഴിച്ചു കഴിഞ്ഞു
അവിടുന്ന് ഇറങ്ങി ..
ഇനി അടുത്ത വൃദ്ധസദനത്തിലെക്കു യാത്ര തിരിച്ചു ഞാൻ ...
ഉറ്റവരില്ലാതെ വൃദ്ധസദനത്തിൽ കഴിയുന്ന ഒരു കൂട്ടം അമ്മമാരുടെയും ,
അച്ചന്മാരുടെയും സംസാരം ഇപ്പോഴും എന്റെ ചെവിയിൽ കേട്ട് കൊണ്ട്
ഇരിക്കുന്നു....
Comments
Post a Comment