ഒരു തുള്ളി വെളിച്ചം



കഥാപാത്ര വിവരണം 

പേര്: അഖിൽ (28 വയസ്സ്, ഐ.ടി പ്രൊഫഷണൽ)

വേഷം: തുടക്കത്തിൽ വൃത്തിയുള്ള വസ്ത്രധാരണം (ഫോർമൽ ഷർട്ട്). കഥ പുരോഗമിക്കുമ്പോൾ വസ്ത്രങ്ങൾ ക്രമരഹിതമാകുന്നു.

ഇരുണ്ട വേദി. മധ്യത്തിൽ ഒരൊറ്റ കസേര.

 അഖിലിന്റെ ചലനങ്ങൾക്കനുസരിച്ച് മാറുന്ന സ്പോട്ട് ലൈറ്റ് (Spotlight).


സീൻ 1: 


(സ്പോട്ട് ലൈറ്റ് അഖിലിന്റെ മേൽ വീഴുന്നു. അഖിൽ കസേരയിൽ പ്രസന്നമായി ഇരിക്കുന്നു. ശബ്ദം തികച്ചും സ്വാഭാവികവും സൗമ്യവുമാണ്.)

അഖിൽ: (മെല്ലെ ചിരിച്ചുകൊണ്ട്)

"അതെ... എന്റെ പേര് അഖിൽ. 28 വയസ്സ്. ബാംഗ്ലൂരിൽ ഒരു പ്രമുഖ ഐ.ടി കമ്പനിയിലായിരുന്നു ജോലി. മാസം നല്ലൊരു തുക ശമ്പളം... സ്നേഹിക്കുന്ന ഒരു പെൺകുട്ടി... കൂടെ നിൽക്കുന്ന കുറച്ച് നല്ല കൂട്ടുകാർ... എല്ലാം ഉണ്ടായിരുന്നു എനിക്ക്. അല്ലെങ്കിൽ... ഉണ്ടായിരുന്നു എന്ന് പറയുന്നതാവും ശരി."

(ഒരു ദീർഘനിശ്വാസം വിടുന്നു)

"എല്ലാം മാറിയത് ഒരൊറ്റ രാത്രി കൊണ്ടാണ്. പ്രോജക്റ്റ് ഡെഡ്‌ലൈൻ കാരണം തുടർച്ചയായി രണ്ട് ദിവസം ഉറക്കമില്ലായിരുന്നു. കടുത്ത ജോലി സമ്മർദ്ദം! അപ്പോഴാണ് എന്റെ കൂടെയുള്ള ഒരു കൂട്ടുകാരൻ ആ സിഗരറ്റ് തന്നത്..."

(വിരലുകൾക്കിടയിൽ സിഗരറ്റ് പിടിക്കുന്നത് പോലെ കൈകൾ ചെറുതായി വിറയ്ക്കുന്നു)

"'ഡാ, ഇതൊന്ന് വലിച്ച് നോക്ക്. നിന്റെ സ്ട്രെസ് ഒക്കെ പറന്നുപോകും. ഒന്നാമത് ഇതിനൊന്നും നീ അടിമയാകില്ല, ജസ്റ്റ് ഫോർ എ റിലാക്സേഷൻ!'" 

(തലതാഴ്ത്തുന്നു)

"ഞാൻ ആദ്യമായി അത് വാങ്ങി ഒരു പുകയെടുത്തു... ദൈവമേ... അന്ന് ഞാൻ ആ തെറ്റ് ചെയ്തില്ലായിരുന്നെങ്കിൽ..."


സീൻ 2: 


(അഖിൽ കസേരയിൽ നിന്ന് പെട്ടെന്ന് എഴുന്നേൽക്കുന്നു. ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചിടുന്നു. ശ്വാസോച്ഛ്വാസം വേഗത്തിലാകുന്നു. ശബ്ദത്തിൽ ഉത്കണ്ഠ വരുന്നു.)

അഖിൽ:

"ഒറ്റത്തവണ... ഒരൊറ്റ തവണയെന്നാ ഞാൻ കരുതിയത്! പക്ഷേ, പിന്നീട് മാനസിക സമ്മർദ്ദം വരുമ്പോഴൊക്കെ ഞാൻ ആ മരുന്നിനെ തിരഞ്ഞുതുടങ്ങി. പതിയെ പതിയെ... അത് ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി."

(ഒരു വശത്തേക്ക് ശൂന്യമായി നോക്കുന്നു)

"Maya... എന്റെ കാമുകി... അവൾ ആദ്യമേ കണ്ടുപിടിച്ചു. എന്റെ കണ്ണുകളിലെ മാറ്റം, എന്റെ പെരുമാറ്റത്തിലെ ദേഷ്യം..."

(മായയുടെ സാന്നിധ്യം ഓർത്ത് വിറയ്ക്കുന്ന നേർത്ത ശബ്ദത്തിൽ)

"', നീ എന്തൊക്കെയാ ഈ കാണിക്കുന്നത്? നീ പഴയ അഖിലല്ല... പ്ലീസ്, ഇത് നിർത്ത്!' എന്ന് മായ കരഞ്ഞു പറഞ്ഞു."  

(കുറ്റബോധം മറയ്ക്കാൻ പെട്ടെന്ന് മുഖം കടുപ്പിക്കുന്നു. കണ്ണുകൾ ചുവപ്പിച്ച് ആ വശത്തേക്ക് ദേഷ്യത്തോടെ ആഞ്ഞുകൊണ്ട്)

"എന്റെ കാര്യത്തിൽ ഇടപെടാൻ നീ ആരാടീ?!"

(ആക്രോശിച്ച ശേഷം പെട്ടെന്ന് ആഴത്തിൽ ശ്വാസമെടുക്കുന്നു. സ്വന്തം തലയ്ക്ക് കൈകൊടുക്കുന്നു. ശബ്ദം പെട്ടെന്ന് താഴ്ന്ന്, ശൂന്യമായ നോട്ടത്തോടെ)

"അവൾ എന്നെ വിട്ടുപോയി. പോകാൻ ഞാൻ തന്നെയാ വഴിയൊരുക്കിയത്..."

(സ്വയം പരിഹസിച്ച് , ഒരു ചെറിയ ചിരിയോടെ)

"...പിന്നാലെ ഓഫീസിലെ ജോലി പോയി. കൈയിലെ പണം തീർന്നപ്പോൾ വീട്ടുകാരോട് നുണ പറഞ്ഞു തുടങ്ങി. അവസാനം അച്ഛനും അമ്മയും സത്യമറിഞ്ഞു..."

(ശബ്ദത്തിൽ വിറയൽ വരുന്നു. സ്വന്തം പ്രവൃത്തി ഓർത്ത് അറപ്പുതോന്നുന്ന ഭാവത്തിൽ)

"അച്ഛൻ എന്നെ ആട്ടിപ്പുറത്താക്കിയില്ല... പകരം എന്റെ മുന്നിൽ കൈകൂപ്പി കരഞ്ഞു. ആ കരച്ചിൽ കാണാൻ വയ്യാതെയാ ഞാൻ ആ വീടിന്റെ പടിയിറങ്ങിയത്!"

(തളർന്ന് കസേരയിലേക്ക് ഇരുന്ന് തല കൈകളിൽ അമർത്തുന്നു. ലഹരിക്കായി അലയുന്നതിന്റെയും അസ്വസ്ഥതയുടെയും ഭാഗമായി തലമുടിയിൽ പിടിച്ച് വലിക്കുന്നു.)


സീൻ 3: 


(വേദിയിലെ വെളിച്ചം ചുവപ്പ് കലർന്ന ഇരുണ്ട നിറമാകുന്നു. BGM വേഗത്തിലുള്ള ഹൃദയമിടിപ്പിന്റെ ശബ്ദമായി മാറും. അഖിൽ കസേരയിൽ നിന്ന് നിലത്തേക്ക് തളർന്നു വീഴുന്നു.)

അഖിൽ:

(നിലത്തിരുന്ന് ശരീരം മുന്നോട്ടും പിന്നോട്ടും ഇളക്കി വിറച്ചുകൊണ്ട്, അടിത്തൊണ്ടയിലെ ശബ്ദത്തിൽ)

"ഇപ്പോൾ എന്റെ കൈയിൽ പണമില്ല... സമാധാനമില്ല... കൂടെ ആരുമില്ല! ശരീരത്തിലെ ഓരോ ഞരമ്പും ആ ലഹരിക്കായി ദാഹിക്കുകയാ... വലിഞ്ഞു കീറുന്നതുപോലെ വേദന!"

(കൈകൾ വായുവിൽ ഉയർത്തി ഉച്ചത്തിൽ നിലവിളിക്കുന്നു)

"അയ്യോ... എനിക്ക് വയ്യേ! ആരെങ്കിലും എന്നെ രക്ഷിക്കണേ!"

(മുഖം നിലത്ത് അമർത്തി വിങ്ങിപ്പൊട്ടുന്നു)

"ഞാൻ എല്ലാം നശിപ്പിച്ചു... എന്റെ ഭാവിയെ, എന്റെ പ്രണയത്തെ, എന്റെ അച്ഛനമ്മമാരുടെ പ്രതീക്ഷകളെ... ഒരു നിമിഷത്തെ സുഖത്തിന് വേണ്ടി ഞാൻ എല്ലാം വിറ്റ തുലച്ചു! എന്റെ ജീവിതം തീർന്നു... അതെ, ഞാൻ തോറ്റുപോയി!"


സീൻ 4: 


(കരച്ചിൽ പെട്ടെന്ന് നിലയ്ക്കുന്നു. BGM പൂർണ്ണമായും നിലയ്ക്കുന്നു (Absolute Silence). വൈറ്റ് സ്പോട്ട് ലൈറ്റ് അഖിലിന്റെ മുഖത്ത് മാത്രം. അവൻ സാവധാനം തലയുയർത്തുന്നു. മുഖത്തെ സങ്കടമെല്ലാം മാറി വിചിത്രമായ ഒരു കുട്ടിത്തത്തോടെ ചിരിക്കുന്നു.)

അഖിൽ:

(ശൂന്യതയിലേക്ക് നോക്കി, ഒരു കൊച്ചു കുട്ടിയെപ്പോലെ വിചിത്രമായി ചിരിക്കുന്നു)

"ചിരി... 

എല്ലാവരും ചിരിക്കുന്നുണ്ടല്ലോ...

 ആരാ ഞാൻ? അഖിൽ? ഏയ്... അങ്ങനെയൊരാളെ എനിക്ക് അറിയില്ലല്ലോ!"

(സ്വന്തം കൈകൾ വിചിത്രമായി നോക്കുന്നു)

"ആഹാ... എന്തൊരു ഭംഗിയുള്ള പൂമ്പാറ്റ!"

(കാറ്റിൽ പൂമ്പാറ്റയെ പിടിക്കാൻ ശ്രമിക്കുന്നതുപോലെ കൈകൾ ചലിപ്പിക്കുന്നു)

"ഹഹഹ... കൂടെ വരാൻ ആരുമില്ലേ? വരൂ... നമുക്ക് കളിക്കാം! മഴ പെയ്യുന്നുണ്ടോ? ഇല്ല... ഇത് പൂക്കളുടെ മഴയാ..."

(അവൻ സ്വയം മറന്ന് വട്ടത്തിൽ കറങ്ങി ചിരിക്കാൻ തുടങ്ങുന്നു. ശബ്ദം പതുക്കെ കുറഞ്ഞു വരുന്നു.)


(ബ്ലാക്ക് ഔട്ട്  )

Comments

Popular posts from this blog

ക്യാമറ കണ്ണുകൾ

അറിയാതെ